കൊച്ചി: തെരുവുനായകള്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള വിരോധം തീര്‍ക്കാന്‍ ആറുമാസം പ്രായമുള്ള നായയെ ജീപ്പ് കയറ്റി കൊന്നുവെന്ന് കേസ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു. മാറാടി ചിറ്റാത്തുകുടി ഏലിയാസിന്റെ പരാതിയിലാണ് കേസെടുത്തത്.
ഫെബ്രുവരി 18നായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതിലെ വിരോധം മൂലം 18ന് രാത്രി 9 മണിയോടെ ഏലിയാസിന്റെ വീടിന് മുമ്പില്‍ ജീപ്പുമായി എത്തിയ അനീഷ് ഗെയ്റ്റിന് വെളിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന നായക്കുട്ടിയുടെ ദേഹത്തുകൂടി ജീപ്പ് കയറ്റിയിറക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
17ന് രാത്രി തെരുവുനായ്ക്കളെ വളര്‍ത്തുന്നു എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. അരുതെന്ന് വിളിച്ചു പറഞ്ഞിട്ടും നായയുടെ മുകളിലൂടെ ജീപ്പിന്റെ മുന്‍ചക്രം കയറ്റിയെന്നും ജീവനുവേണ്ടി പിടയുന്ന നായക്കുട്ടിയുടെ വിഡിയോ സഹിതം മൂവാറ്റുപുഴ പൊലീസിന് കൈമാറിയ പരാതിയില്‍ തെളിവായി നല്‍കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മൃഗസംരക്ഷണ സംഘടനയായ ദയയും പരാതി നല്‍കിയിട്ടുണ്ട്.
