മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് ഇടഞ്ഞ് പി.വി അൻവർ. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്താനുള്ള സാധ്യതയില്‍ താല്‍പര്യക്കുറവ് അൻവർ പരസ്യമായി പ്രകടമാക്കി. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ആരെയെങ്കിലും എം എൽഎ ആക്കാനല്ല രാജിവച്ചത്.പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. അസോസിയേറ്റഡ് മെമ്പർ ആക്കും എന്നാണ് പറഞ്ഞത്, അതും ആക്കിയില്ല.’അസോസിയേറ്റഡ് മെമ്പർ എന്നാൽ ബസിന്‍റെ വാതിലിൽ നിൽക്കുന്നത് പോലെയാണ്, സീറ്റ് കിട്ടിയാൽ അല്ലേ ഇരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ മണ്ഡലത്തിലെ ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ചാണ് പി.വി. അന്‍വര്‍ നിലമ്പൂര്‍ സ്വന്തമാക്കിയത്. 1980 മതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ച അന്‍വര്‍, ഇനിയും അവിടെ ആര്യാടന്‍ കുത്തക തിരിച്ചുവരുമോ എന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആര്യാടന്‍ ഷൗക്കത്തിന് പകരം വി.എസ്. ജോയിയുടെ പേര് നിര്‍ദേശിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ നേതാക്കളല്ലേയെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്നുവന്നതോടെ, നിലപാട് മാറ്റി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അന്‍വര്‍. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്ന ആര്യാടന്‍ പാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ ഒഴിവാക്കുമോ, അതോ പി.വി. അന്‍വറിനെ കണ്ടില്ലെന്ന് നടിക്കുമോ എന്നത് നിര്‍ണായകമാണ്.
