പി വി അൻവർ മത്സരിക്കും; ടിഎംസി സ്ഥാനാർത്ഥിയായി നാളെ പത്രിക സമർപ്പിക്കും

മലപ്പുറം: യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും വ്യക്തമാക്കിയ പി.വി അന്‍വര്‍ വീണ്ടും നിലമ്പൂരിൽ അങ്കം കുറിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്തി ഇന്നലെ സൂചിപ്പിച്ചിരുന്നു. നാളെ പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കാറ്റ് വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്.

തിങ്കളാഴ്ച പാർട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരിൽ എത്താൻ പി.വി അൻവർ നിർദേശം നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക നൽകുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. നേരത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ പ്രതികരിച്ചിരുന്നു. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്നായിരുന്നു പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പണം ഇല്ലാത്തതിനാല്‍ പിന്‍മാറുന്നു എന്നുമായിരുന്നു അന്‍വര്‍ ഇന്നലെ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പണം നല്‍കാമെന്ന് അറിയിച്ച് നിരവധിപേര്‍ സമീപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച് എടുക്കും എന്നാണ് പുതിയ തീരുമാനം. മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയതിനൊപ്പം മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പിന്നാലെ അനുനയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടിലെത്തി. എന്നാൽ, അൻവർ യാതൊരു വിധത്തിലും വഴങ്ങുന്നില്ലെന്നാണ് സൂചനകൾ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: