ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) ഇന്ന് പുലർച്ചെ നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശിയാണ്. ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. 1977 ൽ ഖത്തറിൽ എത്തിയ ചൗഗുളെ ഖത്തറിലെ സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നിരുന്നു. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ചൗഗുളെ ഈ മേഖലയിൽ വലിയ സംഭാവന അർപ്പിച്ചിട്ടുണ്ട്. ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങളും നടത്തിയിരുന്നു.
പ്രവാസി പ്രമുഖരും വിവിധ സംഘടന ഭാരവാഹികളും അനുശോചനം അറിയിച്ചു. ഇന്ന് വൈകിട്ട് 5.30ന് ഡിപിഎസ് സ്കൂളിൽ അനുസ്മരണ യോഗം നടക്കും
