Headlines

ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല ആർ.സി. ബുക്കും ഇനി സ്മാർട്ട് ആകും; പുത്തൻ രൂപത്തിലേക്കാകാൻ ചെയ്യേണ്ടത് ഇങ്ങനെ

ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ ആര്‍.സി. ബുക്കും ഇനി സ്മാർട്ട് ആകും. ബുക്കുകളുടെ രൂപത്തിൽ നിന്നും ലൈസന്‍സിന്റെ മാതൃകയില്‍ പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്കാണ് വാഹനങ്ങളുടെ ആര്‍.സി. ബുക്കുകൾ ചേക്കേറാൻ പോകുന്നത്. ന്യൂതനമായ സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന പുത്തൻ ആര്‍.സി. ബുക്കുകളുടെ വിതരണം ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചേക്കും. ഇനിമുതൽ ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരമായി എ.ടി.എം. കാര്‍ഡിന് സമാനമായി പേഴ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പുത്തൻ മാതൃകയിലാണ് ആര്‍.സി. ബുക്ക് കൈയില്‍ കിട്ടുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

പെറ്റ്-ജി കാര്‍ഡ് രൂപത്തിൽ ആര്‍.സി. ബുക്ക് ലഭിക്കാൻ അപേക്ഷിക്കുന്നതിന് 200 രൂപയും തപാല്‍ ഫീസും നല്‍കണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആര്‍.സി.യിലുണ്ടാകും. ആര്‍.ടി. ഓഫീസുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകള്‍ ക്ലെറിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും. ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാന്‍ വിട്ടാല്‍ മാത്രം മതി.

ഡ്രൈവിങ് ലൈസൻസ് പുതിയ പി.വി.സി പെറ്റ്ജി കാർഡിലേക്ക് മാറ്റാനും നിലവിൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. 245 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈൻ ഫീസ് 200 രൂപയും തപാൽ ഫീസായി 45 രൂപയും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ പെറ്റ്ജി കാർഡ് ലൈസൻസുകൾ വീട്ടിലെത്തും.

ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ, ഫോട്ടോ സിഗ്നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ എന്നിവ ചെയ്യാനായുള്ളവർ പെറ്റ്ജി കാർഡിലേക്ക് മാറ്റാൻ തിരക്കിട്ട് അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് (MVD) അധികൃതർ നിർദേശിക്കുന്നത്. പുസ്തക രൂപത്തിലും പേപ്പർ രൂപത്തിലും ഉള്ള ലൈസൻസുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാൻ ബാക്കിയുള്ളവർ അതത് ആർടിഒ / സബ് ആർടി ഓഫീസുകളുമായി ബന്ധപ്പെട്ട് പുതിയ കാർഡിനായി അപേക്ഷിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: