Headlines

റഫീനയും ജസീനയും യുവാക്കളെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ, വീട്ടുകാരെ പറ്റിച്ചത് പരസ്പരം ഫോൺ കൈമാറി; അന്വേഷണം



        

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതീ യുവാക്കൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. പറശ്ശിനിക്കടവിലും കോൾമൊട്ടയിലും ലോഡ്ജുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. രണ്ട് യുവതികളും രണ്ട് യുവാക്കളും. മട്ടന്നൂർ സ്വദേശി ഷംനാദ്, വളപട്ടണം സ്വദേശി ജെംഷിൽ, ഇരിക്കൂർ സ്വദേശി റഫീന,കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് വലയിലായത്.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികൾ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വിളിക്കുമ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്.

പിടിയിലായ യുവാക്കളിൽ ഒരാൾ പ്രവാസിയും മറ്റൊരാൾ നിർമാണമേഖലയിൽ തൊഴിലെടുക്കുന്നയാളുമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്. പിടിയിലായ റഫീന മോഡലിങ് രംഗത്തുമുണ്ട്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ  അഞ്ച് ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുളള ട്യൂബുകളും മറ്റും എക്സൈസ് പിടിച്ചെടുത്തിരുന്നു.  തളിപ്പറമ്പ് എക്സൈസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. ലഹരിസംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: