മാനന്തവാടി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവയ്‌ച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് രാഹുൽ കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീട് സന്ദർശിക്കും. ഒരു മാസം മുൻപ് കടുവയുടെ ആക്രമണത്തിൽ മരിച്ച വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും സന്ദർശിക്കും. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും.



