യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേ; വന്ദേഭാരതിലും തത്സമയ ബുക്കിംഗ്, 15 മിനിറ്റ് മുന്‍പുവരെ കറന്‍റ് റിസര്‍വേഷന്‍





തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. തിരഞ്ഞെടുത്ത സര്‍വീസുകളിലാണ് ഈ സൗകര്യം ഉള്ളത്. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്‍റ് റിസര്‍വേഷന്‍ ലഭ്യമാകുമെന്നാണ് റെയിൽവേ അറിയിച്ചത്.

നേരത്തെ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ബുക്കിംഗ് സാധ്യമായിരുന്നില്ല. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്ചയാണ് റിസര്‍വേഷന്‍ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയില്‍വേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം ലഭിക്കുമെന്ന് റെയിൽവേ അധികൃതര്‍ അറിയിച്ചു.

അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുകയാണ്. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വന്‍ വിജയമാണെന്നും റെയിൽവേ അറിയിച്ചു. ഒരു കോച്ചിൽ നാലും എഞ്ചിനിൽ ആറും ക്യാമറകൾ വീതം ഘടിപ്പിക്കും.

രാജ്യമെമ്പാടുമുള്ള 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഡോം ക്യാമറകളാണ് ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും, നൂറ് കിമീ വേഗതിയിലും ഈ ക്യാമറകൾ പ്രവർത്തിക്കും. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: