Headlines

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക്; രണ്ട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി





തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെ.എസ്.ഇ.ബി. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ദ്ധരാത്രി ഒരു മണിക്കുമിടയില്‍ ഇടവിട്ട് വൈദ്യുതി നിയന്ത്രണമുണ്ടാകും. ഉപയോഗം കൂടിയതു കാരണം ഡ്രിപ്പ് ആകുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും നിയന്ത്രണമുണ്ടാവുക. കൊടുംചൂടില്‍ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കെഎസ്ഇബി മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.

ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദല്‍ നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് സര്‍വ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വെദ്യുതിയാണ്. തോടെയാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പാലക്കാട്ട്, മലപ്പുറം ജില്ലകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.

മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂര്‍, വടക്കഞ്ചേരി, കൊടുവായൂര്‍, നെന്മാറ, ഒലവക്കോട് സബ്‌സ്റ്റേഷനുകളിലാണ് നിയന്ത്രണം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, പൊന്നാനി സബ്‌സ്റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന
11 കെവി ലൈനുകളിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കെഎസ്ഇബി വീണ്ടും മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാല്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: