2022ൽ സംഭവിച്ച കാറപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം.
ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
2022ൽ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷകനായത് രജത് കുമാറായിരുന്നു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് തന്റെ മെഴ്സിഡസ് കാർ റൂർക്കിക്ക് സമീപം ഒരു ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു
അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവായ നിതീഷ് കുമാറും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തിൽ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. അപകടത്തിൽപെട്ടത് ക്രിക്കറ്റർ പന്താണെന്ന് അറിയാതെയായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. തന്റെ ജീവൻ രക്ഷിച്ചവർക്ക് സമ്മാനമായി പന്ത് അന്ന് സമ്മാനങ്ങളും നൽകിയിരുന്നു. അന്ന് ദേശീയ മാധ്യമങ്ങളിലടക്കം രജത് വലിയ വർത്തയാകുകയും ചെയ്തിരുന്നു.