രാമക്ഷേത്ര പ്രതിഷ്ഠക്ക് പോയതില്‍ രാഷ്ട്രീയമില്ല മറിച്ച് വിശ്വാസത്തിന്റെ പുറത്താണ് പോയതെന്ന് രജനികാന്ത്. വിശ്വാസത്തിന്റെ ഭാഗമായാണ് ചടങ്ങിനെത്തിയത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളാണ് താന്‍ എന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം തിരികെ ചെന്നൈയിലെത്തിയപ്പോഴായിരുന്നു രജനികാന്തിന്റെ പ്രതികരണം.
”എനിക്ക് മഹത്തായ ദര്‍ശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിനു പിന്നാലെ രാം ലല്ല ആദ്യം ദര്‍ശിച്ച 150 പേരില്‍ ഒരാളാണ് ഞാന്‍ എന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത് വിശ്വാസമാണ്, രാഷ്ട്രീയമല്ല. ഒരു കാര്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ടാവും. അത് സ്വന്തം അഭിപ്രായവുമായി എപ്പോഴും യോജിക്കണമെന്നില്ല.”- രജനികാന്ത് പ്രതികരിച്ചു. എല്ലാവര്‍ഷവും അയോധ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.
കായികതാരങ്ങളും സിനിമാതാരങ്ങളും ഉള്‍പ്പെടെ സെലബ്രറ്റികളുടെ ഒരു നീണ്ട നിരയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അമിതാഭ് ബച്ചന്‍, ചിരഞ്ജീവി, രാം ചരണ്‍, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ്, രാജ് കുമാര്‍ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീര്‍ ജെയിന്‍ വിക്കി കൗശല്‍, സൈന നെഹ്വാള്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, പിടി ഉഷ തുടങ്ങിയവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു.


