പത്ത് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാൻ റിസർവ് ബാങ്ക് അനുമതി



     

പത്ത് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകള്‍ നടത്താനും അവസരമൊരുക്കുന്ന സുപ്രധാന നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). നിലവില്‍ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിയപരമായ അമ്മയുള്‍പ്പെടെയുള്ള രക്ഷിതാവിനൊപ്പം മാത്രമേ ബാങ്ക് അക്കൗണ്ട് ആരംഭിക്കാനാകുകയുള്ളു. ഇതില്‍ മാറ്റം വരുത്തികൊണ്ടുള്ള സുപ്രധാന തീരുമാനം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

പ്രായപൂര്‍ത്തിയാകാത്ത പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കികൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദേശം തിങ്കളാഴ്ചയാണ് ആര്‍ബിഐ പുറത്തിറക്കിയത്. ജൂലായ് ഒന്നുമുതല്‍ ഇവ നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരിലേക്കും ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ 10 വയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സേവിങ്‌സ്, ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ സ്വതന്ത്രമായി തുറക്കാനും ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. അതായത്, രക്ഷിതാവിന്റെ ആവശ്യമില്ലാതെ കുട്ടികള്‍ക്ക് സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാം. ബാങ്കിന്റെ റിസ്‌ക് പോളിസി അനുസരിച്ചായിരിക്കും അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കുട്ടികളുടെ അവകാശം.

നിലവിലെ നിയമ പ്രാകരം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ രേഖകളും ഒപ്പും ശേഖരിച്ച് ബാങ്ക് അപ്‌ഡേറ്റ് ചെയ്യുകയാണ് പതിവ്. 18 വയസ്സ് പൂര്‍ത്തിയാകുന്നതു വരെ രക്ഷിതാവിന് കുട്ടിയുടെ സാന്നിധ്യത്തില്‍ അക്കൗണ്ട് കൈകാര്യം ചെയ്യാം. അതുവരെ കുട്ടിക്ക് സ്വതന്ത്രമായി ഇടപാട് നടത്താന്‍ കഴിയില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് പോലുള്ള സൗകര്യങ്ങളും പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് അനുവദിച്ചിരുന്നില്ല.

പുതിയ നിര്‍ദേശം നടപ്പാക്കുന്നതോടെ ബാങ്ക് അക്കൗണ്ടിനുപുറമേ ഉപഭോക്താവിന്റെ ആവശ്യവും ബാങ്കിന്റെ റിസ്‌ക് പോളിസിയും അനുസരിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ്, ചെക്ക്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയും ബാങ്കിന് നല്‍കാനാകും. എന്നാല്‍, അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കുട്ടികള്‍ സ്വതന്ത്രമായോ അല്ലെങ്കില്‍ രക്ഷിതാവോ ആയാലും മിനിമം ബാലന്‍സ് ഉണ്ടായിരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പായാലും പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ കാര്യത്തില്‍ നിലവിലെ രീതി തുടരും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: