Headlines

ഇന്തോനേഷ്യയിൽ കലാപം; രാഷ്ട്രീയ നേതാക്കളുടെ വീടുകൾ കൊള്ളയടിച്ചു, അസംബ്ലിക്ക് തീയിട്ടു, എട്ടു പേർ കൊല്ലപ്പെട്ടു

ജക്കാർത്ത, ഇന്തോനേഷ്യ: എം.പിമാരുടെ ശമ്പളവർധനവിൽ പ്രതിഷേധിച്ച് ഇന്തോനേഷ്യയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ എട്ട് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ജക്കാർത്തയിലും മറ്റ് പ്രധാന നഗരങ്ങളിലും നൂറുകണക്കിന് ആളുകളാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. പാർലമെന്റ് അംഗങ്ങളുടെ വേതനവും ഭവന അലവൻസും കുത്തനെ വർദ്ധിപ്പിച്ചതാണ് പ്രക്ഷോഭങ്ങൾക്ക് കാരണം. ഭവന അലവൻസ് മാത്രം പത്തിരട്ടിയോളമാണ് വർദ്ധിപ്പിച്ചത്.

ആദ്യം സമാധാനപരമായിരുന്ന പ്രതിഷേധം, ജക്കാർത്തയിൽ പോലീസിൻ്റെ അതിക്രമത്തിൽ ഒരു ഡെലിവറി ബോയ് കൊല്ലപ്പെട്ടതോടെ അക്രമാസക്തമായി. ഇത് കലാപം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കാൻ കാരണമായി. പ്രതിഷേധക്കാർ രാഷ്ട്രീയ നേതാക്കളുടെ വീടുകൾ കൊള്ളയടിക്കുകയും സർക്കാർ കെട്ടിടങ്ങൾക്കും അസംബ്ലി കൗൺസിൽ കെട്ടിടങ്ങൾക്കും തീയിടുകയും ചെയ്തു.

ഇതോടെ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വർദ്ധിപ്പിച്ച ആനുകൂല്യങ്ങളിൽ പലതും പിൻവലിക്കുകയും കൊല്ലപ്പെട്ട 21-കാരന്റെ കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തു. എന്നാൽ, പ്രതിഷേധം തണുപ്പിക്കാൻ ഇത് മതിയായില്ല. രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ സർക്കാർ ഇപ്പോൾ പോലീസ് സേനയെയും സൈന്യത്തെയും വിന്യസിച്ചിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളിൽ സ്നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. കലാപത്തെ തുടർന്ന് ചൈനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയിൽ പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. രാജ്യത്തെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക് ലൈവ് സ്ട്രീമിംഗ് ഫീച്ചറുകൾ ഉൾപ്പെടെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: