ലഖ്നോവിലെ മുസ് ലിം ബാലന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ബിജെപി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്





ലഖ്നോ: ലഖ്നോവിലെ കൃഷ്ണനഗറില്‍ ഉനൈസ് ഖാന്‍ എന്ന കുട്ടി മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അരവിന്ദ് ത്രിപാഠിയുടെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം നോമ്പ് തുറന്നപ്പോള്‍ ചില പരിചയക്കാര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി പ്രകാരം, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികള്‍ ഉനൈസിന്റെ വീട്ടില്‍ എത്തി കൃഷ്ണനഗറിലെ ബാരിഗവാനില്‍ ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തങ്ങളോടൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം പോകാന്‍ വിസമ്മതിച്ച കുട്ടിയെ ബലപ്രയോഗത്തിലൂടെയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികളിലൊരാളുടെ വീടിനടുത്തുള്ള കാറിനുള്ളില്‍ വച്ച് ഉനൈസിന് തലയ്ക്ക് വെടിയേറ്റതായി പോലിസ് പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി നാല് മണിക്കൂറിന് ശേഷമാണ് സംഭവത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് കുടുംബം പറഞ്ഞു. അതേസമയം, കുട്ടികള്‍ ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കവെ റീല്‍ ചിത്രീകരണത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ബിജെപി നേതാവിന്റെ കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: