ന്യൂഡൽഹി: നടിയുടെ പീഡന പരാതിയിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് ആണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആണ് താരം സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയിൽ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂർണമായും തെറ്റുപറ്റിയെന്നാണ് ബെഞ്ചിനുമുൻപാകെ സിദ്ദിഖ് ഉന്നയിച്ചത്.
ആരോപിക്കപ്പെടുന്ന സംഭവം നടന്നതിനുശേഷം പരാതി നൽകാൻ എട്ടുവർഷമെടുത്തു എന്ന കാരണത്താൽമാത്രം മുൻകൂർ ജാമ്യം അനുവദിക്കേണ്ടതല്ലേയെന്നാണ് സിദ്ദിഖ് ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തതിലെ കാലതാമസം വിശദീകരിക്കാനാവാത്തത് അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലേയെന്നും അഡ്വ. രഞ്ജീതാ റോത്തഗിവഴി ഫയൽചെയ്ത ഹർജിയിൽ സിദ്ദിഖ് ചോദിച്ചിരുന്നു.
സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. തങ്ങളുടെ ഭാഗംകൂടി കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹർജി നൽകിയ സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായിരുന്നു. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരായി

