പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫസർ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

പ്രശസ്ത ഗായികയും പ്രശസ്ത മലയാള ഗായകൻ കമുകറ പുരുഷോത്തമൻ്റെ സഹോദരിയുമായ ലീല ഓംചേരിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. തിരുവട്ടാർ ആദികേശവ പെരുന്നാൾ ക്ഷേത്രത്തിന് സമീപമുള്ള മാങ്കോയിക്കൽ നായർ തറവാട് സ്വദേശിനിയാണ് ലീല ഓംചേരി. ഡൽഹി സർവകലാശാലയിലെ സംഗീത പ്രൊഫസറായിരുന്നു ലീല ഓംചേരി.

ദമ്പതികളുടെ മകൻ ശ്രീദീപ് ഓംചേരി ഡിസിഎം ഗ്രൂപ്പിൻ്റെ മുൻ ഡയറക്ടറായിരുന്നു, നിലവിൽ മാനേജ്മെൻ്റ് കൺസൾട്ടൻ്റാണ്. അവരുടെ മകൾ, പ്രശസ്ത ക്ലാസിക്കൽ നർത്തകി, ദീപ്തി ഓംചേരി ഭല്ല, ഡൽഹി യൂണിവേഴ്സിറ്റിയിലെ മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഡിപ്പാർട്ട്മെൻ്റ് ഡീൻ ആണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: