ഒരു സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗം സംസ്ഥാനത്തു  എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുകയാണെന്നു റിപ്പോർട്ട്‌

തിരുവനന്തപുരം: ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തിൽ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ലഹരി ഉപയോഗിക്കാനായി സിറിഞ്ചുകൾ പങ്ക് വെച്ചതാണ് എച്ച്ഐവിക്ക് കാരണമായത്. ഈവിധം എച്ച്ഐവി ബാധിച്ചവർ നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്.


കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. ഒരു സംഘത്തിലെ പത്ത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം. ഇവരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളും മറ്റുള്ളവർ മലയാളികളുമാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്. ഇനിയും കൂടുതൽ ആളുകൾക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

സിറിഞ്ചുകള്‍ ഉപയോഗിച്ച് നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്ന ബ്രൗണ്‍ഷുഗറിന്റെ വകഭേദമായ ടോമയെന്ന ലഹരിമരുന്നാണ് വളാഞ്ചേരിയില്‍ വ്യാപകമായി വില്‍ക്കുന്നത്. വളാഞ്ചേരി നഗരമധ്യത്തിലടക്കം നിരവധി ഹോട്‌സ്‌പോട്ടുകളിലാണ് ലഹരിയുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നത്. ഹെറോയിന്റെ സാന്നിധ്യമുള്ള ടോമയ്ക്ക് മില്ലിഗ്രാമിന് പോലും ആയിരത്തിലധികമാണ് വില. നഗരമധ്യത്തില്‍ തന്നെ കാടുമൂടിയ പ്രദേശങ്ങള്‍ ലഹരി ഉപയോഗത്തിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ടോമയടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പ്പനക്കാര്‍ കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികളാണ്.

രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരിയിലാണ് കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പത്ത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകൾക്കും രോഗബാധയുണ്ടോയെന്ന പരിശോധന നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇതിനായി ഇവർക്കായി ഉടൻ സ്ക്രീനിംഗ് നടത്തും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: