തൃശൂർ: ശ്രീരാമ സേനയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് യുവാവിനെയും മാതാവിനെയും സംഘടനാ പ്രവർത്തകർ തല്ലിച്ചതച്ചു. തൃശൂർ പനമരം സ്വദേശി രഞ്ജിത്തിനെയും മാതാവ് ശാന്തയെയുമാണ് സംഘടനാ പ്രവർത്തകർ വീട്ടിൽ കയറി മർദിച്ചത്. ആക്രമണത്തിൽ രഞ്ജിത്തിൻ്റെ മാതാവിൻ്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ശ്രീരാമ സേനയിലെ സംസ്ഥാന ഓർഗനൈസർ ആണ് രഞ്ജിത്ത്.
കഴിഞ്ഞ ഞായറാഴ്ചയാണ് രഞ്ജിത്തിനെയും കുടുംബത്തെയും ഒരു സംഘം ശ്രീരാമ സേന പ്രവർത്തകർ വീട് കയറി ആക്രമിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെയും മാതാവ് ശാന്തയേയും മകളെയും മർദിച്ചു. സംഘടനയിൽ നിന്ന് രാജിവെച്ചതും ശ്രീരാമ സേനയുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതുമാണ് അക്രമണത്തിന് കാരണമെന്ന് രഞ്ജിത്ത് പറഞ്ഞു.
ആക്രമണത്തിൽ രഞ്ജിത്തിന്‍റെ രണ്ട് പല്ലുകൾ പൊട്ടിയിട്ടുണ്ട്. മാതാവ് ശാന്തയുടെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
13 വർഷം ശ്രീരാമ സേനയിൽ പ്രവർത്തിച്ചയാളാണ് രഞ്ജിത്ത്. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു. ജില്ലയിലെ ശ്രീരാമ സേന പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലന്നൊണ് പൊലീസിന്റെ നിഗമനം.

