തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി രണ്ടുദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകിട്ട് വരെ മദ്യവിൽപ്പന പൂർണമായി നിരോധിച്ചിരിക്കും.
കൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് 4-നും സംസ്ഥാനത്ത് മദ്യവിൽപ്പന അനുവദിക്കില്ല. ഏപ്രിൽ 9-നുള്ള വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപാണ് ഡ്രൈ ഡേ പ്രാബല്യത്തിൽ വരുന്നത്.
ഏതെങ്കിലും മണ്ഡലങ്ങളിൽ റീപോളിങ് ആവശ്യമായാൽ, ആ ദിവസങ്ങളിലും അതത് പ്രദേശങ്ങളിൽ ഡ്രൈ ഡേ ആയിരിക്കും. ഈ കാലയളവിൽ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം വിൽക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല.
വ്യക്തികൾ മദ്യം സംഭരിക്കുന്നത് പോലും കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി മദ്യം കടത്തുന്നത് തടയാൻ അതിർത്തികളിൽ ശക്തമായ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകരെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് വിഭാഗത്തിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരവും സ്വതന്ത്രവുമായ രീതിയിൽ നടക്കാൻ ഈ നിയന്ത്രണങ്ങൾ നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥനയും അധികൃതർ ഉന്നയിച്ചു

