ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്തരവാണ് കഴിഞ്ഞ ദിവസം ടെലികോം വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നവംബർ 28-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും കേന്ദ്ര സർക്കാരിന്റെ ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം.
ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങി വമ്പൻ കമ്പനികൾക്കെല്ലാം ബാധകമായ ഈ നീക്കം സൈബർ സുരക്ഷയ്ക്കാണെന്ന് സർക്കാർ അവകാശപ്പെടുന്നു, അതേ സമയം പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷവും ഒരു വിഭാഗം സാങ്കേതിക വിദഗ്ധരും ആരോപിക്കുന്നു…
_എന്താണ് സഞ്ചാർ സാഥി? എന്തുകൊണ്ടാണ് ഈ ഉത്തരവ് വിവാദമാകുന്നത്? സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം._
എന്താണ് പുതിയ ഉത്തരവ്?
ടെലികോം വകുപ്പിന്റെ പുതിയ നിർദേശപ്രകാരം മൊബൈൽ നിർമ്മാതാക്കൾക്ക് (OEMs) താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ 90 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്:
പ്രീ-ഇൻസ്റ്റാലേഷൻ : പുതിയതായി നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് കമ്പനികൾ തന്നെ ഇൻസ്റ്റാൾ ചെയ്ത് നൽകണം.
നീക്കം ചെയ്യാൻ സാധിക്കില്ല: ഫോണിന്റെ സെറ്റപ്പ് സമയത്ത് തന്നെ ആപ് ഉപയോക്താവിന് വ്യക്തമായി കാണാൻ സാധിക്കണം. ഇതിന്റെ ഫീച്ചറുകൾ ഡിസേബിൾ ചെയ്യാനോ (Disable), നിയന്ത്രിക്കാനോ നിർമ്മാതാക്കൾക്ക് അനുവാദമില്ല. ആപ് അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, സിസ്റ്റം ആപ്പായി നൽകിയാൽ അത് നീക്കം ചെയ്യുക എളുപ്പമാകില്ല.
പഴയ സ്റ്റോക്കുകൾക്കും ബാധകം: നിലവിൽ ഷോപ്പുകളിൽ ഇരിക്കുന്ന വിറ്റഴിയാത്ത ഫോണുകളിലും സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ ഈ ആപ് എത്തിക്കണം.
സഞ്ചാർ സാഥി: സുരക്ഷയോ നിരീക്ഷണമോ?
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 2023 മെയ് മാസത്തിലാണ് കേന്ദ്ര സർക്കാർ സഞ്ചാർ സാഥി പോർട്ടൽ ആരംഭിച്ചത്. സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമായ സേവനങ്ങളാണ് ഇതിലുള്ളത്:
ഫോൺ നഷ്ടപ്പെട്ടാൽ: ഫോൺ മോഷണം പോയാലോ നഷ്ടപ്പെട്ടാലോ അത് ബ്ലോക്ക് ചെയ്യാനും (CEIR സംവിധാനം വഴി), കണ്ടെത്താനും സഹായിക്കുന്നു. കണക്കുകൾ പ്രകാരം 7 ലക്ഷത്തിലധികം ഫോണുകൾ വീണ്ടെടുക്കാൻ ഈ സംവിധാനം സഹായിച്ചിട്ടുണ്ട്.
വ്യാജനാണോ എന്നറിയാം: നിങ്ങൾ വാങ്ങുന്ന ഫോൺ ഒറിജിനലാണോ അതോ വ്യാജ ഐഎംഇഐ (IMEI) നമ്പറുള്ളതാണോ എന്ന് പരിശോധിക്കാം
സിം കാർഡ് പരിശോധന: നിങ്ങളുടെ ആധാർ അല്ലെങ്കിൽ ഐഡി ഉപയോഗിച്ച് എത്ര സിം കാർഡുകൾ ആക്ടീവ് ആണെന്ന് (TAFCOP വഴി) അറിയാനും, അറിവില്ലാത്ത കണക്ഷനുകൾ റദ്ദാക്കാനും സാധിക്കും.
ഇത്രയും നല്ല സേവനങ്ങൾ നൽകുന്ന ഒരു ആപ് എന്തിന് വിവാദമാകുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. പ്രശ്നം ആപ്പിന്റെ സേവനങ്ങളല്ല, മറിച്ച് അത് ‘നിർബന്ധമാക്കുന്നു’ എന്നതും അത് ഫോണിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചേക്കില്ല എന്നതുമാണ്.
പൗരന്മാരെ നിരീക്ഷിക്കാനോ?
ഫോണിൽ മായ്ച്ചുകളയാൻ സാധിക്കാത്ത വിധം ഒരു സർക്കാർ ആപ് വരുന്നത് പൗരന്മാരെ നിരീക്ഷിക്കാനുള്ള ഉപാധിയായി മാറുമോ എന്നാണ് സ്വകാര്യത സംരക്ഷണ പ്രവർത്തകർ ഭയപ്പെടുന്നത്.
ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും, പൗരന്മാരുടെ ഓരോ ചലനവും നിരീക്ഷിക്കാനുള്ള ‘ബിഗ് ബ്രദർ’ ടൂളായി ഇത് മാറുമെന്നും കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നു.
2025 സെപ്റ്റംബറിൽ റഷ്യ ‘മാക്സ് മെഞ്ചർ’ (MAX Messenger) എന്ന പേരിൽ ഇത്തരമൊരു നീക്കം നടത്തിയിരുന്നു.
ആപ്പിൾ (Apple) പോലുള്ള കമ്പനികൾ ഫോണുകളിൽ തേർഡ് പാർട്ടി ആപ്പുകൾ (Bloatware) പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാറില്ല. ഫോണിന്റെ സുരക്ഷയേയും പെർഫോമൻസിനെയും അത് ബാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ആപ്പിളിനും സാംസങ്ങിനും വഴങ്ങേണ്ടി വരും. 120 ദിവസത്തിനുള്ളിൽ നിർമ്മാതാക്കൾ കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം
നിയമം കടുക്കും, ജയിൽ ശിക്ഷ വരെ
വ്യാജ ഫോണുകൾ തടയുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഒരേ ഐഎംഇഐ (IMEI) നമ്പറിൽ ഒന്നിലധികം ഫോണുകൾ പ്രവർത്തിക്കുന്നത് സുരക്ഷാ ഭീഷണിയാണ്. പുതിയ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം, ഐഎംഇഐ നമ്പറിൽ കൃത്രിമം കാണിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ഇതിന് 3 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.
മൂന്ന് മാസത്തിനുള്ളിൽ നിങ്ങൾ പുതിയ ഫോൺ വാങ്ങുകയാണെങ്കിൽ അതിൽ ‘സഞ്ചാർ സാഥി’ ആപ് ഉണ്ടായിരിക്കും. നിലവിൽ ഇത് സൈബർ സുരക്ഷയ്ക്കുള്ള ഒരു ടൂൾ മാത്രമാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഭാവിയിൽ ഈ ആപ്പിന് എന്തൊക്കെ പെർമിഷനുകൾ (ക്യാമറ, ലൊക്കേഷൻ, മൈക്രോഫോൺ) നൽകേണ്ടി വരും എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. വാട്സാപ്പും ടെലിഗ്രാമും സിമ്മുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവും ഇതിനൊപ്പം വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും വിശദാംശങ്ങള് ഇനിയും അറിയേണ്ടതുണ്ട്.


