ഇരിക്കൂർ: കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഇരിക്കൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ സി.മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസേബിന്റെയും റഷീദയുടെയും മകനാണ് മുഹമ്മദ് ഷാമിൽ. ഇന്ന് സ്കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതുമായി ബന്ധപ്പെട്ട് ഷാമിലിന് ക്ലാസ് ഉണ്ടായിരുന്നില്ല.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് അടുത്തുള്ള അഴിപ്പുഴ ഭാഗത്താണ് ഷാമിലും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. ഇതിനിടെ പുഴയുടെ മറുകരയിലെത്തിയ ഷാമിൽ അവിടുള്ള കുഴിയിൽ മുങ്ങി മരിക്കുകയായിരുന്നു. കുട്ടിയെ കുഴിയിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ നാട്ടുകാർ ഇരിക്കൂറിലെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
