തിരുവനന്തപുരം: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കല്ലമ്പലം വെയിലൂരിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കു പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്നു ശ്യാം ശശിധരനും ഭാര്യയും. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവൻ രക്ഷിക്കാനായില്ല. ഷീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ഷീനയും മരിച്ചു.
പ്രവാസിയായിരുന്ന ശ്യാം തിരിച്ചെത്തി പരവൂരിൽ കാറ്ററിങ് സർവീസ് നടത്തുകയായിരുന്നു. അധ്യാപകരായിരുന്ന ശശിധരെന്റയും സുലോചനയുടെയും മകനാണ് ശ്യാം. കാപ്പിൽ വിബിഎസ് സദനത്തിൽ പരേതരായ ശിവൻപിള്ളയുടെയും ഓമനയുടെയും മകളാണ് ഷീന. ഷീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലും ശ്യാമിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ലോപ, ലിയ. മരുമകൻ: അച്ചു സുരേഷ്
