സ്കൂട്ടർയാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽവാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

ആലപ്പുഴ: ഇരുചക്രവാഹനത്തിൽ യാത്രചെയ്തിരുന്ന വീട്ടമ്മയെ ബൈക്കിൽ പിന്തുടർന്ന് തള്ളിവീഴ്ത്തിയശേഷം രണ്ടംഗസംഘം ഏഴുപവന്റെ സ്വർണമാല കവർന്നു. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് ഒൻപതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ താലിമാലയാണു കവർന്നത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയിൽ കലവൂർ ബർണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപമായിരുന്നു സംഭവം. വളവനാട്ടു താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസീത. സ്കൂട്ടർസവാരി പഠിച്ചുവരുന്നതേയുള്ളൂ എന്നതിനാൽ വേഗംകുറച്ചാണ് പ്രസീത സ്കൂട്ടറോടിച്ചിരുന്നത്. ആനകുത്തിപ്പാലം കടന്നു തെക്കോട്ടുവരുന്ന സമയത്ത് പിന്നിൽനിന്നു പാഞ്ഞെത്തിയ ബൈക്കിന്റെ പിന്നിലിരുന്നയാൾ മാല പറിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ശക്തമായി തള്ളിയതോടെ പ്രസീത സ്കൂട്ടറുമായി മറിഞ്ഞുവീഴുകയായിരുന്നു.

പ്രസീതയുടെ വലതുഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതുകൈയും മുൻനിരയിലെ പല്ലും ഒടിഞ്ഞു. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പ്രസീതയെ ആശുപത്രിയിലെത്തിച്ചത്. ബൈക്കിലെത്തിയ ഇരുവരും ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നതായി പ്രസീത പറഞ്ഞു. സംഭവം നടന്നതിന് അരക്കിലോമീറ്റർ അകലെ പോലീസുണ്ടായിരുന്നെങ്കിലും ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.

മാല കവർന്നശേഷം സംഘം വലിയകലവൂർ ബണ്ടുറോഡു വഴി ദേശീയപാതയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. മോഷ്ടാക്കളുടെ ചിത്രങ്ങളും മോഷണത്തിനുപയോഗിച്ച ബൈക്കും സി.സി.ടി.വി. ദൃശ്യങ്ങളിൽ ലഭ്യമായിട്ടുണ്ടെങ്കിലും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി സൂചനകൾ ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: