Headlines

കെഎസ്ആർടിസി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ (നവംബർ 1)മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തിൽ വരും. ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നിർദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നൽകാമെന്നായിരുന്നു നിലപാട്.

അതേസമയം, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സ്വകാര്യ ബസ് ഉടമകളുടെ പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനുള്ള സ്വകാര്യ സ്റ്റേജ് കാര്യേജ് പെർമിറ്റ് പുനസ്ഥാപിക്കുക, വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ബസുടമകൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: