കണ്ണൂർ: പികെ ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടികെ ഗോവിന്ദൻ പാർട്ടി വിട്ടതായി റിപ്പോർട്ടുകള്‍
ഇദ്ദേഹം ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഹാൻഡ്വീവ് ചെയർമാനാണ് ഗോവിന്ദൻ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഇദ്ദേഹം കമ്മറ്റിയില്‍ ശക്തമായി എതിർത്തിരുന്നു. മലപ്പട്ടത്തു നിന്നുള്ള നേതാവാണ് ടി.കെ ഗോവിന്ദന്
ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹംഅരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ടി കെ ഗോവിന്ദനുണ്ട്. ആന്തൂര്‍ ഭാഗത്തുനിന്നും മാത്രം സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നാണ് ഗോവിന്ദൻ പാർട്ടിയില്‍ ഉന്നയിച്ച വിയോജിപ്പ്.
ടികെ ഗോവിന്ദൻ മത്സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണക്കാൻ കോണ്‍ഗ്രസ് തയ്യാറാകുമെന്നും വിവരമുണ്ട്. നിലവില്‍ കോണ്‍ഗ്രസ് തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ത്ഥിയായി കാണുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ടികെ ഗോവിന്ദനെ പിന്തുണയ്ക്കാനായി ഇദ്ദേഹം മാറിയേക്കും.
ഇതിനകം തന്നെ പികെ ശ്യാമള പ്രചാരണം തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പി പാർട്ടിയുടെ കോട്ടയായതിനാല്‍ ജയസാധ്യതയില്‍ സംശയിക്കുന്നില്ല. എംവി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തില്‍ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്.
അതെസമയം സോഷ്യല്‍ മീഡിയയില്‍ പികെ ശ്യാമളയ്ക്കെതിരെ പ്രചാരണം ശക്തമാണ്. ഇന്ന് ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ പി ജയരാജൻ പങ്കു വെച്ചിരുന്നു. ഇതിനു താഴെയായി കടുത്ത എതിർ കമന്റുകളാണ് ഉയരുന്നത്. ‘തളിപ്പറമ്പില്‍ പ്രിയ സഖാവ് ശ്യാമള ടീച്ചർ…’ എന്ന കുറിപ്പോടെയാണ് ജയരാജൻ പോസ്റ്റർ ഷെയർ ചെയ്തത്.
പാർട്ടിക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലും ഉയർന്ന എതിർപ്പുകള്‍ വകവെക്കാതെയാണ് ശ്യാമളയെ തളിപ്പറമ്പില്‍ സിപിഎം സ്ഥാനാർഥിയാക്കിയത്.
ടികെ ഗോവിന്ദൻ കൂടി മത്സരിക്കുകയാണെങ്കില്‍ തളിപ്പറമ്പിലും പയ്യന്നൂരിലുമായി ശക്തരായ രണ്ട് വിമത സ്ഥാനാർത്ഥികളുണ്ടാകും. പയ്യന്നൂരില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കെ കുഞ്ഞികൃഷ്ണൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ വിയോജിച്ചാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നത്


