തിരുവനന്തപുരം: നേതാക്കളുടെ അന്ധവിശ്വാസത്തെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് സംസാരിച്ചെങ്കിലും വിഷയം ഏറ്റെടുക്കാതെ മറ്റ് നേതാക്കൾ. കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. എന്ത് രാഷ്ട്രീയ ബോധമാണ് ഇവരെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് മറ്റു നേതാക്കളാരും പ്രതികരിച്ചില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിലും ഈ വിമർശനത്തിന് മറുപടിയുണ്ടായില്ല എന്നാണ് റിപ്പോർട്ട്.
സിപിഎം നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയിലെ മുതിർന്ന അംഗവുമായ നേതാവ് രൂക്ഷ വിമർശനം ഉയർത്തിയത്. ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ഈ നേതാവ് പറഞ്ഞു. എന്നാൽ, തുടർന്ന് സംസാരിച്ച ഒരാളും ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ തയ്യാറായില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു പ്രശസ്ത ജ്യോത്സ്യനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അടുത്തിടെ പ്രചിരിച്ചിരുന്നു. എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണ് വിമർശനമെന്നാണ് വ്യാഖ്യാനം.
