ലഖ്നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു. 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റു
ബടൗത്തിലെ ജൈന സമൂഹം ചൊവ്വാഴ്ച ലഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനാണ് നിരവധിയാളുകള്‍ ഇവിടെയെത്തിയത്. ജനങ്ങള്‍ക്കായി മുള കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കിയിരുന്നത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാൻ കഴിയാതെ പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു.
സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അർപിത് വിജയവർഗിയ അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ചികിത്സയിലാണ്. ചെറിയ മുറിവുകളുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വീട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
ഇവിടത്തെ പ്രാദേശിക ജൈന സമൂഹം 30 വർഷമായി വർഷം തോറും ‘ലഡു മഹോത്സവം’ ആചരിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാർത്ഥന നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
