Headlines

പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയത്തെ എതിർത്തു; കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി

അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 45 വയസ്സുള്ള ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 17 വയസ്സുള്ള മകളും അവളുടെ 25 വയസ്സുള്ള കാമുകൻ രഞ്ജിത്ത് വഘേലയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

വീടിന് സമീപം കുത്തേറ്റ് മരിച്ച നിലയിലാണ് ഷന ചാവ്ഡയെ കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ശരീരമാകെ കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പ്രണയം പിതാവ് എതിർത്തിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള വൈരാഗ്യത്തിന് കാരണം.

വ്യാഴാഴ്ച രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി പിതാവിനെ മയക്കിയ മകൾ, വെള്ളിയാഴ്ച പുലർച്ചെ കാമുകനെയും അയാളുടെ സുഹൃത്ത് ഭവ്യ വാസവയെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഷന ചാവ്ഡയെ പുറത്തേക്ക് കൊണ്ടുപോയി ഇരുവരും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിതാവ് മരിച്ചതായി ഉറപ്പാക്കിയ ശേഷമാണ് മകൾ മുറിയിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

മുമ്പും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമം നടന്നിരുന്നുവെന്നും, ഇത് മൂന്നാമത്തെ ശ്രമത്തിലാണ് കൊലപാതകം വിജയിച്ചതെന്നും വഡോദര ജില്ലാ പൊലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ അറിയിച്ചു. മുൻ ശ്രമങ്ങളിൽ അമ്മ ഗുളിക കലർത്തിയ വെള്ളം തുപ്പിക്കളഞ്ഞതോടെ രക്ഷപ്പെട്ടിരുന്നു.

മുമ്പ് പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടിറങ്ങിയപ്പോൾ പിതാവ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോക്‌സോ നിയമപ്രകാരം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് വീണ്ടും ബന്ധം ആരംഭിച്ച് കൊലപാതക പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഉറക്കഗുളികകൾ ലഭിച്ച ഉറവിടവും ഉപയോഗിച്ച ആയുധവും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മറ്റ് ആളുകൾക്ക് സംഭവത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിച്ചുവരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: