കൊല്ലം: യുവകഥാകാരിയുടെ ലൈം ഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ കേസെടുത്തു. വി.കെ. പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. 354 എ വകുപ്പ് പ്രകാരം കൊല്ലം പള്ളിത്തോട്ടം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
പരാതിക്കാരിയുടെ മൊഴിയെടുത്തതിനുപിന്നാലെയാണിത്. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ പറഞ്ഞിരുന്നു.
വി.കെ. പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘത്തിന് അവർ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥ വ്യാഴാഴ്ച കൊല്ലത്തെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. ഈ മൊഴിയിൽ സംവിധായകനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. അതിനുശേഷമാകും രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.
രണ്ടുവർഷം മുൻപാണ് സംവിധായകനിൽനിന്ന് കഥാകാരിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. കഥ സിനിമയാക്കാം എന്നുപറഞ്ഞ് കൊല്ലത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും സിനിമയിൽ അഭിനയിച്ചുകൂടേ എന്ന് ചോദിക്കുകയും ചെയ്തു. അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഒരു സീൻ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വൾഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ കാണിച്ചുതരാമെന്നും വി.കെ.പ്രകാശ് പറഞ്ഞു. അതുംപറഞ്ഞ് ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനുമെല്ലാം സംവിധായകൻ ശ്രമിച്ചു. അദ്ദേഹത്തെ തള്ളിമാറ്റി ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
അതേസമയം യുവതിയായ തിരക്കഥാകൃത്തിനുനേരേ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിരുന്നു. ആരോപണം തെറ്റാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. മുമ്പൊരു നിർമാതാവ് ഇവർക്കെതിരേ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പരാതിക്കാരിക്കെതിരേ കേസും രജിസ്റ്റർചെയ്തിട്ടുണ്ട്. പരാതിക്കാരി വാട്സാപ്പിലൂടെ തനിക്ക് അർധ നഗ്നചിത്രങ്ങൾ അയച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടും ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഡി.ജി.പി.ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ വിശദീകരിച്ചിരുന്നു.

