മുംബൈ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയും അഘാഡിയിലെ ഭിന്നതയും വെല്ലുവിളികളായി നിലനിൽക്കെ പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന പുതിയ സമവാക്യവുമായി ശരത് പവാർ. ശിവസേനയ്ക്ക് കൂടുതൽ എംഎൽഎമാരുള്ളതിനാൽ തങ്ങൾക്ക് പ്രതിപക്ഷ സ്ഥാനം നൽകണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. 288 അംഗങ്ങളുള്ള സഭയിൽ 20 അംഗങ്ങളാണ് ഉദ്ധവിനുള്ളത്. തൊട്ട് പിന്നിൽ കോൺഗ്രസാണുള്ളത്. എന്നാൽ മൂന്ന് പാർട്ടിക്കും ഒറ്റയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താനുള്ള അംഗസംഖ്യയില്ല.
ആകെ നിയമസഭാ സാമാജികരുടെ 10 ശതമാനം (28) എംഎൽഎമാരെങ്കിലുമുള്ള പാർട്ടിക്കാണ് പ്രതിപക്ഷ നേതാവിനെ നേരിട്ട് നിർദേശിക്കാനായി സാധിക്കൂ. നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനി നേരിട്ട് കണ്ട് പ്രതിപക്ഷ നേതൃപദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഫഡ്നാവിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേന (ഉദ്ധവ്) എന്നിവർ പദവി 1.5 വർഷം വീതം വീതിച്ചെടുക്കാനാണ് നിലവിലെ നീക്കം.
നിലവിൽ കോൺഗ്രസ് (16), ശിവസേനാ (20), എൻസിപി (10) എന്നിങ്ങനെയാണ് എംഎൽഎമാരുടെ നില. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെയുമായി ശരദ് പവാർ കൂടിക്കാഴ്ച നടത്തി. നിർദേശത്തോട് ഉദ്ധവ് വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കും. സംസ്ഥാന നിയമസഭയുടെ ചട്ടങ്ങൾ പരിശോധിക്കുമെന്ന് സ്പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവില്ലാത്തത്.പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാം; പുതിയ സമവാക്യവുമായി ശരദ് പവാർ
