കോഴിക്കോട്: പശുക്കടവിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റ്. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. എവിടെ നിന്നാണ് ബോബിക്ക് ഷോക്കേറ്റതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
സ്ഥലം ഉടമയെ അടക്കം ചോദ്യം ചെയ്യും. അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിർത്തിയിലേക്ക് പോയ ബോബി പിന്നീട് വന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
