കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. സംഭവത്തിലെ പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു .
വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി മൊഴി നൽകിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്

