ബാറിനുള്ളിലിരുന്ന് പുക വലിക്കുന്നത് വിലക്കി; ജീവനക്കാരനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു; കോട്ടയത്ത് നാലുപേർ അറസ്റ്റിൽ

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ശ്യാം രാജും ആദർശും ബാറിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കി.

വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. തുടർന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുൻവശത്ത്‌ ഇവർ സംഘം ചേർന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയിൽ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു.

തലയ്ക്ക് പിറകിൽ മാരകമായി പരിക്കേറ്റ സുരേഷിനെ ഉടൻ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടി.

ഇൻസ്പെക്ടർ എം. ശ്രീകുമാർ, എസ്.ഐ. റിൻസ് എം. തോമസ്, കെ. രാജേഷ്, എ.എസ്.ഐ. സജി ജോസഫ്, സി.പി.ഒമാരായ വിജേഷ് കുമാർ, സിനൂപ്, രാജീവ്കുമാർ, കെ.എൻ. അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: