കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം;നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ. ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ യാത്രാവിഭാഗങ്ങൾ പരിഗണിക്കാതെ എല്ലാ സർവീസുകളിലും ഈ സൗകര്യം ലഭ്യമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കമ്മീഷൻ നിർദ്ദേശിച്ചു.

ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നും, ഇത്തരം ബസുകളിൽ പൊതുവിഭാഗം സീറ്റുകളിൽ അവർക്ക് യാത്ര ചെയ്യാമെന്നുമുള്ള കെ.എസ്.ആർ.ടി.സിയുടെ വാദങ്ങൾ കമ്മീഷൻ പൂർണ്ണമായും തള്ളി. മുതിർന്ന പൗരന്മാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണിതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വടവാതൂർ സ്വദേശിയായ ജയിംസ് എന്നയാൾ സമർപ്പിച്ച പരാതിയെ തുടർന്നാണ് കമ്മീഷൻ ഈ നിർണായക നടപടി സ്വീകരിച്ചത്. എറണാകുളം മുതൽ കോട്ടയം വരെ ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുകയായിരുന്ന മുതിർന്ന പൗരനായ പരാതിക്കാരന്, റിസർവ് ചെയ്ത സീറ്റിൽ നിന്ന് മറ്റൊരാൾക്ക് വേണ്ടി മാറിക്കൊടുക്കേണ്ടി വന്നുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി. മാനേജിംഗ് ഡയറക്ടറിൽ നിന്ന് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിരുന്നു. നിലവിൽ, ഓൺലൈൻ റിസർവേഷനില്ലാത്ത സർവീസുകളിൽ മാത്രമാണ് സർക്കാർ ഉത്തരവ് അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ചെയ്തിട്ടുള്ളതെന്ന് കെ.എസ്.ആർ.ടി.സി. കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ, ഈ നിലപാട് അംഗീകരിക്കാതെയാണ് കമ്മീഷൻ എല്ലാ സർവീസുകളിലും സീറ്റ് സംവരണം ഉറപ്പാക്കാനുള്ള ഉത്തരവിറക്കിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: