ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കേഡർ ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പോലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു
