Headlines

സ്ത്രീയുടെ മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് ‘വോയറിസം’ അല്ല; ബോംബെ ഹൈക്കോടതി

ജോലിസ്ഥലത്ത് സഹപ്രവർത്തകയുടെ മാറിടത്തിലേക്ക് നോക്കുന്നത് സദാചാരപരമായി തെറ്റായിരിക്കാം, എന്നാല്‍ ഇത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354സി വകുപ്പ് പ്രകാരം ‘വോയറിസം’ (ഒളിഞ്ഞുനോട്ടം) എന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി

ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് അമിത് ബോർക്കറുടെ ഉത്തരവ്. നിയമത്തിലെ വ്യക്തമായ നിർവചനങ്ങളെ അനാവശ്യമായി വ്യാഖ്യാനിച്ച്‌ വ്യാപിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഓഫീസ് മീറ്റിംഗുകള്‍ക്കിടയില്‍ പ്രതി തന്റെ കണ്ണുകളിലേക്ക് നോക്കാതെ ശരീരഭാഗങ്ങളിലേക്ക് തുറിച്ചുനോക്കിയെന്നും മോശം പരാമർശങ്ങള്‍ നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, വോയറിസം എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ ഒരു സ്ത്രീയുടെ സ്വകാര്യമായ പ്രവൃത്തികള്‍ അവർ അറിയാതെ നിരീക്ഷിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യണം. ഓഫീസ് പോലെയുള്ള തുറന്ന സാഹചര്യങ്ങളില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും കോടതി കൂട്ടിച്ചേർത്തു. നേരത്തെ കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയും ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍, ഐസ്ക്രീം കച്ചവടക്കാരനെതിരെയുള്ള വോയറിസം കേസ് ഡല്‍ഹി ഹൈക്കോടതിയും റദ്ദാക്കി. ഇരയായ യുവതിയുമായുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിക്ക് നഷ്ടപരിഹാരമായി 45,000 രൂപ നല്‍കുകയും അവർ പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി എഫ് ഐ ആർ റദ്ദാക്കിയത്. കേസ് തീർപ്പാക്കിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഐസ്ക്രീം വിതരണം ചെയ്ത കച്ചവടക്കാരന്റെ നടപടിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: