കാസർഗോഡ്: കാസർഗോഡ് 6 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തന്നെ അതി ക്രൂരമായി മർദിച്ചെന്നാണ് കുട്ടി പറയുന്നത്. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചുവെന്ന് 6 വയസുകാരന് പറഞ്ഞു. കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടുകയും അടിക്കുകയും ചെയ്യുമായിരുന്നെന്നാണ് കുട്ടി പറയുന്നത്. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്.
ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പൊലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമം നടത്തിയെന്നും പിതാവ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
സംഭവത്തിൽ രണ്ടാനച്ഛനായ ഷൗക്കത്തലിയാണ് അറസ്റ്റിലായത്. 6 വയസുകാരനെ പ്രതി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരിൽ ഏറ്റവും ഇളയ കുട്ടിക്കാണ് മർദനമേറ്റത്.
യാതൊരു കാരണവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അയൽവാസി കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചുകൊടുക്കുന്നതും. പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. കുഞ്ഞിനെ മർദിക്കുന്നുവെന്ന കാര്യം അപ്പോഴാണ് പിതാവ് അറിയുന്നത്.
കുഞ്ഞിനെ വിദഗ്ധ പരിശോധനക്കായി കുട്ടിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികൾ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 6ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്.
ഞെട്ടിക്കുന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനിൽക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. 13ഉം 5ഉം വയസുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

