തിരുവനന്തപുരം: ഒരുദിവസം തന്നെ ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ നിന്നും മൂന്നുതവണ മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച വർക്കല സ്വദേശി വിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിനേഷ് മൂന്നു തവണ ഔട്ട്‍ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ ഇന്നലെയായിരുന്നു സംഭവം. ആദ്യം ഒരു തവണയെത്തിയ ഇയാൾ വില കൂടിയ മദ്യക്കുപ്പികളെടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ വെച്ച് കടന്നുകളയുകയുമായിരുന്നു. തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി. രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് കടന്നുകളഞ്ഞു. ഇതിനും ശേഷമാണ് മദ്യക്കുപ്പികൾ നഷ്ടമായ കാര്യം ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഇതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
ഇതിനിടെ മൂന്നാം തവണയും മോഷണം നടത്താനായി ഇയാൾ വീണ്ടും എത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ ആളെ തിരിച്ചറിഞ്ഞ് കൈയോടെ പൊക്കി. പിന്നാലെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിനേഷിനെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ

