വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്




കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി  ഷോക്കേറ്റ് മരിച്ച  സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി.

കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിനോടു നിര്‍ദേശിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസ് മുറിക്ക് മുന്നിലൂടെ പോയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മരിച്ചത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഷെഡിന്റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: