Headlines

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ച വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് ജാമ്യം




ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായി ഏകദേശം നാലര വര്‍ഷത്തിനു ശേഷമാണ് ഷര്‍ജീല്‍ ഇമാമിന് ഇന്ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തനിക്ക് ജാമ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെ ഷര്‍ജീല്‍ ഇമാം ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ്, ജസ്റ്റിസ് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഐപിസി വകുപ്പ് പ്രകാരവും യുഎപിഎയിലെ സെക്ഷന്‍ 13 പ്രകാരവുമാണ് കേസെടുത്തിരുന്നത്. യുഎപിഎയുടെ 13ാം വകുപ്പ് പ്രകാരമുള്ള പരമാവധി ശിക്ഷ ഏഴു വര്‍ഷമാണെന്നും താന്‍ ഇതിനകം നാലിലേറെ വര്‍ഷം കസ്റ്റഡിയിലാണെന്നും ഷര്‍ജീല്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘അസാധാരണമായ സാഹചര്യങ്ങളില്‍’ ഒരു പ്രതിയുടെ കസ്റ്റഡി നീട്ടാമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ വിചാരണ കോടതി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിച്ചിരുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഇമാമിനെ 2020 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നതിനിടെ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ചാണ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. ഡല്‍ഹി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഷര്‍ജീലിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമിയ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും നടന്ന പരിപാടികളില്‍ ഷര്‍ജീല്‍ ഇമാം ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ ആരോപണം. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്ന വിവാദമായ പൗരത്വ നിയമത്തിനെതിരേ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായിരുന്നു ഷര്‍ജീല്‍. 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ മുസ് ലിം വിരുദ്ധ കലാപത്തിന്റെ പേരിലും ഷര്‍ജീല്‍ ഇമാമിനെതിരേ നിരവധി കേസുകള്‍ ചുമത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: