ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. അടുത്തിടെ യുവാവിനെതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കിയുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചത്. വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് സമ്മതത്തോടെ ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി നിരവധി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, പശ്ചിമബംഗാൾ സ്വദേശിയായ യുവാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവർത്തിച്ചത്.
പരാതിക്കാരിയായ യുവതിക്ക് പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് യുവാവുമായി ശാരീരികബന്ധം പുലർത്തിയിരുന്നത്. ഇത് പരസ്പര സമ്മതത്തോടെയുമായിരുന്നു. എന്നാൽ, പ്രായപൂർത്തിയായശേഷം യുവാവ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറി. തുടർന്ന് പെൺകുട്ടി ബലാത്സംഗക്കേസ് നൽകുകയായിരുന്നു.
സംഭവം നടന്ന് മൂന്നുവർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു
