കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരൻ അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. വീക്ഷണം ദിനപത്രത്തിൻ്റെ മാനേജിങ് എഡിറ്ററാണ്. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.
പി.എൻ.രാഘവൻപിള്ളയുടെയും കെ.ഭാർഗവിയമ്മയുടെയും മകനായി 1949 ൽ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെ.എസ്.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.