തൃശ്ശൂര്‍: ഇക്കുറി തൃശ്ശൂരിൽ സുരേഷ്‌ഗോപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി ആകുമെന്നും മതന്യൂനപക്ഷങ്ങളിൽ പ്രത്യേകിച്ച് ക്രൈസ്തവര്‍ തൃശ്ശൂരിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. സുരേഷ് ഗോപി കഴിഞ്ഞ തവണ തോറ്റിട്ടും തൃശ്ശൂരിൽ ജനങ്ങൾക്കൊപ്പം നിന്നു. ടിഎൻ പ്രതാപൻ ജനത്തിനായി ഒന്നും ചെയ്തില്ല. അപ്പോഴും തെരഞ്ഞെടുപ്പിൽ തോറ്റ സുരേഷ് ഗോപി എല്ലാ ശക്തിയുമെടുത്ത് ജനങ്ങളെ സഹായിച്ചു. അതിനാൽ തന്നെ ഇക്കുറി തൃശ്ശൂരിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2019 ൽ വയനാട്ടിൽ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്നാണ് കരുതിയത്. ആ സ്ഥിതിയൊക്കെ മാറി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയാകും. ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം ദേശീയ നേതൃത്വം ആണ് തീരുമാനിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് തൃശ്ശൂരും തിരുവനന്തപുരവും ഒഴികെയുള്ള 18 മണ്ഡലങ്ങളിൽ എന്ത് മാറ്റമുണ്ടാക്കാം എന്നാണ് ബിജെപി ഉറ്റുനോക്കുന്നതെന്നും പറഞ്ഞു.
