പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

വടകര: പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ മുഹമ്മദ് സഹിമിനെയാണ് (29) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് ഇയാൾ നിരന്തരം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

നിരവധി പെൺകുട്ടികളുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയും അശ്ലീല വിഡിയോ അയപ്പിക്കുകയും ചെയ്തതായി സൈബർ സെൽ കണ്ടെത്തി. പ്രതി നിരവധി പെൺകുട്ടികളുടെ ഫോട്ടോ വച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഒരേസമയം പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നു. പെയ്ഡ് ആപ്ലിക്കേഷനിലൂടെ നിശ്ചിത സമയത്തേക്ക് വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. വിവിധ ടാസ്കുകൾ നൽകി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വിഡിയോ കോളിന് നിർബന്ധിക്കുകയും ഇതുവഴി അവരുടെ അശ്ലീല വിഡിയോ നേടി റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയുമാണ് പ്രതിയുടെ രീതി.

അശ്ലീല വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വീഡിയോ കോളുകൾ ചെയ്തില്ലെങ്കിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പോസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് പെൺകുട്ടികൾ നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സഫീർ, സിവിൽ പൊലീസ് ഓഫിസർ ശരത്ചന്ദ്രൻ, എം. ശ്രീനേഷ്, അനൂപ് വാഴയിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: