കണ്ണൂര്‍: കര്‍ണാടക സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിൽ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുൽ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷത്തോളമായി ഒളിവിലായിരുന്നു അബ്ദുൽ റഹ്‌മാനെന്ന് എന്‍ഐഎ അറിയിച്ചു. റഹ്‌മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുള്‍പ്പെടെ നാല് പ്രതികളെ എന്‍ഐഎ ഈ വര്‍ഷം ഏപ്രിലില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ആകെ 28 പേരാണ് ഉള്ളത്.
ഒളിവിലുള്ള ആറ് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റഹ്‌മാനെ പിടികൂടുന്നതിനായി നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
പിഎഫ്ഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം റഹ്‌മാന്‍ കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്തതിന് ശേഷം റഹ്‌മാന്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജുലായ് 26-നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്.
