ഹരിപ്പാട്: ആലപ്പുഴയിൽ അയൽവാസിയുമായുള്ള വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി തർക്കത്തെ തുടർന്ന് പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷിനെയാണ് (39) ഇരുവരും മർദിച്ചത്. ഏപ്രിൽ ഒന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. പ്രതികൾ യുവാവിനെ ചുറ്റികകൊണ്ട് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അനീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കു അടിക്കുകയും, ശ്രീകുമാർ ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. തലക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം ഉച്ചയോടെ പള്ളിപ്പാട് വെച്ച് പൊലീസ് പിടികൂടിയായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏറെനാളുകളായി അനീഷും പ്രതികളും തമ്മിൽ വഴി സംബന്ധിച്ച് തർക്കം നില നിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇതിന് മുൻപും പ്രതികൾ അനീഷിനെ മർദിച്ചിട്ടുണ്ട്. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി, സബ് ഇൻസ്‍പെക്ടർമാരായ ഷൈജ, സിവിൽ പൊലീസ് ഓഫീസർമാരായ അനന്തു, അനിൽ കുമാർ, ഹരികുമാർ, നിഷാദ്, സജാദ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
