ആലപ്പുഴ: വയോധികയുടെ കൊലപാതകത്തിൽ പ്രതികളെ പിടികൂടി പോലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) കൊലപാതകത്തിലാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.
സുഭദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.
വീടിന് പിന്നിൽ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരിൽ മാത്യുവും ശർമിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാൻ ചെന്ന ദിവസം ആ വീട്ടിൽ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നൽകിയ മൊഴി. ഓഗസ്റ്റ് ഏഴിനാണ് വീട്ടിൽ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
മാത്യുവും ഷർമിളയും സ്ഥിരം മദ്യപാനികളാണെന്നും മാത്യുവിൻ്റെ മാതാപിതാക്കൾ പറയുന്നു. ആലപ്പുഴയിൽ ഒരു കോൺവൻ്റിൻ്റെ അനാഥാലയത്തിലാണ് ശർമ്മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യു വന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ തങ്ങൾ പോയി കുട്ടിയെ കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമ്മിളയെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്. എന്നാൽ വിവാഹശേഷം മദ്യപിക്കുന്നയാളാണ് എന്ന് മനസിലായി. ശർമ്മിള മദ്യപിച്ച് കഴിഞ്ഞാൽ വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കും. മാത്യുവിൻ്റെ അച്ഛനെയടക്കം അസഭ്യം പറഞ്ഞു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇതോടെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഒരിക്കൽ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകൾ വെട്ടേറ്റ് മുറിഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും മാത്യുവിൻ്റെ അമ്മ പറഞ്ഞിരുന്നു

