സുസുമു കിത്തഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം.യാഘി എന്നിവർക്ക് 2025 ലെ രസതന്ത്ര നൊബേൽ

ജലം, മാലിന്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളാൻ ശേഷിയുള്ള ‘മെറ്റൽ – ഓർഗാനിക് ചട്ടക്കൂടുകൾ’ (മെറ്റൽ – ഓർഗാനിക് ഫ്രെയിംവർക്കുകൾ, MOF) രൂപപ്പെടുത്തിയ മൂന്ന് ശാസ്ത്രജ്ഞർ ഇത്തവണ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം പങ്കിട്ടു.

സുസുമു കിത്തഗാവ (ക്യോട്ടോ യൂണിവേഴ്സിറ്റി, ജപ്പാൻ), റിച്ചാർഡ് റോബ്സൺ (മെൽബൺ യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ), ഒമർ എം.യാഘി (കാലിഫോണിയ യൂണിവേഴ്സിറ്റി, ബർകിലി, യുഎസ്എ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.

1989 ൽ റോബ്സൺ തുടക്കമിട്ട രസതന്ത്ര മുന്നേറ്റത്തെ, കാത്തഗാവയും യാഘിയും മുന്നോട്ട് നയിക്കുകയായിരുന്നു.

വാതകങ്ങൾക്കും മറ്റു രാസവസ്തുക്കൾക്കും അനായാസം കടന്നുപോകാൻ പാകത്തിൽ രൂപപ്പെടുത്തുന്ന രന്ധ്രങ്ങൾ നിറഞ്ഞ തന്മാത്രാ നിർമ്മിതികളാണ് ‘മെറ്റൽ – ഓർഗാനിക് ചട്ടക്കൂടുകൾ’. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം പിടിച്ചെടുക്കാനും, കാർബൺഡയോക്സൈഡിനെ ആഗിരണം ചെയ്ത് കെണിയിലാക്കാനും, വിഷവാതകങ്ങൾ വായുവിൽ വ്യാപിക്കാതെ തടഞ്ഞു വെക്കാനും, രാസപ്രവർത്തനങ്ങളിൽ രാസത്വരകങ്ങളായി പ്രവർത്തിക്കാനും ഇത്തരം ചട്ടക്കൂടുകൾക്ക് കഴിയും.

MOF കളുടെ നിർമ്മിതിക്കായി നവീനരൂപത്തിലുള്ള തന്മാത്രാരൂപകല്പന വികസിപ്പിച്ചവരാണ് ഇത്തവണത്തെ നോബേൽ ജേതാക്കൾ. ഇത്തരം ചട്ടക്കൂടുകളിൽ ഓർഗാനിക് (കാർബൺ അധിഷ്ഠിത) തന്മാത്രകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂലക്കല്ലുകളായി ലോഹ അയോണുകൾ (അയോണുകൾ = ചാർജുള്ള ആറ്റങ്ങൾ) പ്രവർത്തിക്കുന്നു. ലോഹ അയോണുകളും ഓർഗാനിക് തന്മാത്രകളും ചേർന്ന് ഉള്ളിൽ ധാരാളം ശൂന്യസ്ഥലമുള്ള (രന്ധ്രങ്ങൾ നിറഞ്ഞ) ഒരുതരം പരൽ രൂപം ഉണ്ടാകുന്നു. വ്യത്യസ്ത നിർമ്മാണ ഘടകങ്ങൾ ഉപയോഗിച്ച് രസതന്ത്രവിദഗ്ധർക്ക് വ്യത്യസ്ത പദാർത്ഥങ്ങളെ ആഗിരണം ചെയ്യാൻ ശേഷിയുള്ള MOF കൾക്ക് രൂപം നൽകാൻ കഴിയും.

മുമ്പ് ആരും സങ്കല്പിക്കാത്ത പുത്തൻ സാധ്യതകളാണ് MOF കളുടെ രൂപപ്പെടുത്തലോടെ ഉരുത്തിരിഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: