ലേക് വർത്ത്: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഇരുപത്തേഴുകാരിയായ ബ്രൂക്ക് ആൻഡേഴ്സൺ എന്ന യുവതിയാണ് അറസ്റ്റിലായത്. തന്റെ വിദ്യാർത്ഥിയുമായി ക്ലാസ്മുറിയിൽ വെച്ച് യുവതി നിരന്തരം ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം.
ഹിൽസ്‌ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് (എച്ച്‌സിഎസ്‌ഒ) അധ്യാപികയെ അറസ്റ്റ് ചെയ്തത്. “ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്” ഫ്ലോറിഡയിലെ അധികാരികൾ ഒരു ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതായി ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ബ്രൂക്ക് ആൻഡേഴ്‌സണിനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ആൻഡേഴ്‌സണുമായുള്ള ബന്ധം 2024 സെപ്റ്റംബറിൽ ആരംഭിച്ചതായും മെയ് 16 ന് അറസ്റ്റ് ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് അവരുടെ അവസാന കൂടിക്കാഴ്ച നടന്നതെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. അന്നും ഇരുവരും ക്ലാസ് മുറിയിൽവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ മാസത്തിൽ സ്കൂൾ വർഷം ആരംഭിച്ചതുമുതൽ ഈ ബന്ധം തുടങ്ങിയതായി ആൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടക്കത്തിൽ ഇത് അശ്ലീല സന്ദേശങ്ങൾ കൈമാറുന്നതിൽ ഒതുങ്ങിനിന്നെങ്കിലും, അറസ്റ്റിന് തൊട്ടുമുമ്പുള്ള ആഴ്ചകളിലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം. ഒന്നിലധികം തവണ അധ്യാപിക വിദ്യാർത്ഥിയുമായി ബന്ധംപുലർത്തി.
റിവർവ്യൂ ഹൈസ്‌കൂളിലെ സയൻസ് അധ്യാപികയാണ് യുവതി. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതിയെ സ്കൂളിൽ നിന്നും പുറത്താക്കി. മെയ് 16 ന് ആൻഡേഴ്‌സണെ എച്ച്‌സിഎസ്‌ഒ ജയിലിലടച്ചുവെന്നും മൂന്ന് കുറ്റങ്ങൾക്കും ഓരോന്നിനും15,000 ഡോളർ എന്ന നിലയിൽ ആകെ 45,000 ഡോളറിന്റെ ജാമ്യത്തിൽ യുവതിയെ അടുത്ത ദിവസം വിട്ടയച്ചതായുമാണ് റിപ്പോർട്ട്.
പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കുറ്റം ഫ്ലോറിഡ സംസ്ഥാനത്ത് രണ്ടാം ഡിഗ്രി കുറ്റകൃത്യമാണ്. ആൻഡേഴ്‌സൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കും
