പതിനൊന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

അഹമ്മദാബാദ്: പതിനൊന്നുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊൻപതുകാരനായ ശൈലേഷ് ഖുന്തിനെതിരെ ഇതേ സ്കൂളിൽ പഠിക്കുന്ന പതിനൊന്നുകാരന്റെ അമ്മയാണ് പരാതി നൽകിയത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കർഷക കുടുംബത്തിൽ നിന്നുള്ള കുട്ടിയെയാണ് അധ്യാപകൻ പീഡനത്തിനിരയാക്കിയത്. 2024 മുതൽ കുട്ടി സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളിൽ പോകാൻ പറഞ്ഞപ്പോൾ കുട്ടി വിസമ്മതിക്കുകയും കരയാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് കാരണം അന്വേഷിച്ചപ്പോളാണ് നടുക്കുന്ന ക്രൂരത കുടുംബം അറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി തൻറെ ഇംഗ്ലീഷ് അധ്യാപകനായ ശൈലേഷ് തന്നോട് ‘ചീത്ത കാര്യങ്ങൾ’ ചെയ്യുന്നു എന്നായിരുന്നു കുട്ടി അമ്മയോട് പറഞ്ഞത്.

അധ്യാപകൻ തന്നെ കമ്പ്യൂട്ടർ ലാബിലേക്കോ, സ്കൂളിന്റെ പിൻഭാഗത്തേക്കോ, ടെറസിലേക്കോ അതുമല്ലെങ്കിൽ പഴയ ശുചിമുറിയിലേക്കോ വിളിപ്പിക്കുമായിരുന്നു. അവിടെ വെച്ച് ചുണ്ടിൽ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടി മാതാവിനോട് പറഞ്ഞു. വീട്ടിൽ ആരോടും ഇക്കാര്യം പറയരുതെന്നും അധ്യാപകൻ കുട്ടിയെ ചട്ടം കെട്ടിയിരുന്നു. പകരം തനിക്ക് ഹോം വർക്ക് തരില്ലെന്നും വഴക്കു പറയില്ലെന്നും അധ്യാപകൻ പറഞ്ഞതായും കുട്ടി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണയാണ് വിദ്യാർത്ഥി പീഡനത്തിനിരയായത്.

ഇതോടെയാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ വിദ്യാർത്ഥികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: